top of page

പരിത്യക്ത

എൻറെ പാട്ടു കവർന്ന ഒരു പക്ഷി

കരൾ തകരും കാലത്തിൽ

വട്ടമിട്ടു പറക്കുന്നു.

അതിൻറെ ചുവന്ന കണ്ണുകളിൽ

ഖനീഭവിച്ച പ്രണയത്തിൻറെ

തണുത്ത കണ്ണുനീർ

കട്ട പിടിച്ചു നിൽക്കുന്നു.


പ്രളയത്തിലേക്ക് വഴി തെറ്റിവന്ന

കരുണയുടെ ഒരു കുഞ്ഞിത്തൂവൽ

ജലമിറങ്ങിയമർന്ന ചേറ്റുവഴിയിൽ

കരിയണിഞ്ഞ് കുഴഞ്ഞുകിടപ്പുണ്ട്.

വെയിലിലത് ഒരിക്കൽ തിളങ്ങിയിരുന്നു.


ആ കിളിപ്പാട്ട് മറന്നവൾക്ക് പക്ഷേ

ഈണം മറക്കാറായില്ല, ഇപ്പോഴും.

അദൃശ്യനായൊരു ഭിഷഗ്വരൻ

തന്ത്രത്തിൽ തുന്നിയ മുറിപ്പാടിൽ നിന്ന്

രക്തം കിനിഞ്ഞു കൊണ്ടേയിരിക്കുന്നു.


പരിചിതമായ ഈണങ്ങളുടെ

കഠാരത്തുമ്പുകളുമായ്

ഓർമ്മകളുടെ ഓടിക്കയറ്റമാണ്,

പരാജയപ്പെട്ടവളുടെ രാജ്യത്ത്.

ഓരോ ഈണവും

നഷ്ടബോധത്തിൻറെ കിടങ്ങിലേക്കുള്ള ഇറക്കുപടികൾ .


പ്രിയമാർന്നൊരു നെഞ്ചിലേക്ക്

കടമെടുത്തു ചേർക്കാവുന്ന

ഉന്മാദത്തിൻറെ വെള്ളിമുടികൾ

ചങ്കിൽ കുടുങ്ങിയ പാട്ടിനെ

തിരികെത്തരില്ല.


അഭിനിവേശങ്ങളുടെ

വറ്റിപ്പോയ നദി തേടി

വരാനിനിയാരുമില്ല.

തുറന്നുവെച്ച പാട്ടുപുസ്തകം പോലെ

ഒരിക്കൽ നിറഞ്ഞുതുളുമ്പിയവൾക്ക്

ഒറ്റ വരി പോലും ഇനി പാടാനില്ല

എൻറെ പാട്ടു കവർന്ന പക്ഷി

ഇപ്പോൾ പറക്കുന്നത്

നിണമുണങ്ങാത്ത ഈ നെഞ്ചിൽ തന്നെയാണ്..


4 views0 comments

Recent Posts

See All
bottom of page