top of page

ജ്വലിക്കും കോപം തെല്ലു

ശമിച്ചീടുമ്പോഴുള്ള-

മലിഞ്ഞോ മഴത്തുള്ളി

യൊന്നൊന്നായ്പതിക്കുന്നൂ.

കുറയുന്നില്ലെന്നാലു-

മാളിടാൻ വെമ്പീടുന്നു

പറയാനറിയാത്ത

ജീവിതാഘാതംവീണ്ടും

കോപമോ പ്രപഞ്ചത്തിൻ

താപമോ മുജ്ജന്മത്തിൻ

പാപമോ പ്രചണ്ഡമാം

വിഹ്വലപ്രകൃതിയോ

എന്തുഞാനോതാൻവാക്കി-

നർത്ഥങ്ങൾതേടീടേണ്ടും

സന്തതോദ്വേഗത്തിൻറെ

വെമ്പലേ ചുറ്റുംകാണ്മൂ

വിധിയെപ്പഴിക്കാനോ

വിശ്വാസലക്ഷങ്ങളിൽ

നിധിപോൽകൈക്കൊണ്ടുള്ള

സത്യത്തെത്തേടീടാനോ

എന്തെനിക്കജ്ഞാതമാ-

ണെൻറെ ചിന്തകൾപോലും

പിന്തിരിഞ്ഞൊളിക്കുന്നു

നിശ്ചലനാകുന്നൂ ഞാൻ.

ഒന്നെനിക്കിന്നും വ്യക്തം

ഞാനൊരുകളിപ്പാവ

ഒന്നിലുമൊതുങ്ങാത്ത

ചൈതന്യമൊന്നേസത്യം

ശക്തിയാമാവൈഭവം

നിശ്ചയിക്കുന്നൂസർവ്വം

ശക്തനായ്മാറുന്നൂഞാൻ

ചലിക്കാൻതുടങ്ങുന്നൂ

പെയ്യുമീമഴയ്ക്കൊപ്പ

മൊഴുകീടട്ടെ ദു:ഖ

മെയ്യുമീയസ്വാസ്ഥ്യങ്ങൾ

ചൈതന്യം ജ്വലിക്കട്ടേ.

11 views0 comments

Recent Posts

See All
bottom of page