top of page

ഓർമ്മകളിൽ

ഒരു തുണ്ടാകാശം

കൊണ്ടുവന്നവനെ

സ്വപ്നങ്ങളുടെ

കളിത്തോഴനെന്നു വിളിക്കുക

കാടുകൾക്ക്

ഒരു പക്ഷിത്തൂവൽ

സംഭാവന ചെയ്തവനെ

കവിതയുടെ

തീർത്ഥാടകനെന്നു വിളിക്കുക

വേനൽക്കാറ്റിന്‌

വേദനയുടെ

പരിമളം പകർന്നവനെ

വീണപൂവിൻറെ

ഇതിഹാസമെന്നു വിളിക്കുക

പുഴയ്ക്കു

കടലിൻറെ

പുരാവൃത്തം പറഞ്ഞുകൊടുത്തവനെ

പൂഴിയുടെ

പ്രവാചകനെന്നു വിശേഷിപ്പിക്കുക

കടിപ്പല്ലുകളോട്

നിത്യവും കലഹിച്ചിട്ടും

വാക്കിൻറെ കല്ലും

കഴുമരവും തേടാത്തവനെ

കരുണയുടെ സാഹസികനെന്നു വിളിക്കുക

ചോരയുടെ

ദിവ്യമായ രഹസ്യ വഴിയിൽ

ഹൃദയത്തിൻറെ

വാതിൽ തുറക്കുന്നവനെ

പരിചയമില്ലാതെ

കണ്ണടച്ച് പായുന്നവനെ

തൽക്കാലം ഒന്നും വിളിക്കാൻ

എനിക്ക് അർഹതയില്ല !

205 views2 comments

Recent Posts

See All

എഡിറ്റോറിയൽ (ഓഗസ്റ്റ് മാസം)

കവിതയ്ക്കു മാത്രമുള്ള ഒരു ഇലക്ട്രോണിക് മാസികയാണ് മലയാളകവിത.കോം. കവിതകൾ അച്ചടിക്കുന്ന ആനുകാലികങ്ങൾക്കോ, സൈബർ ഇടങ്ങളിലെ കവിതക്കൂട്ടായ്മകൾക്കോ ഒരു പഞ്ഞവുമില്ല മലയാളത്തിൽ. പിന്നെ ഈ ഓൺലൈൻ മാസികയ്ക്കു സാംഗത

bottom of page