top of page

സ്വാധിഷ്ഠാനത്തിലേക്ക്

ആദ്യം


സ്മൃതിവിസ്മൃതികൾ തൻ സിരാപടലങ്ങളിലൂടെ

അനവസാനമാം പുരാവർഷകോടികൾ താണ്ടി

അർദ്ധ സുപ്തമാമൊരു സ്വപ്നം പോലിഴഞ്ഞേറി-

യാത്മാന്തരാളത്തിൽ വന്നു ചുംബിപ്പൂ കേദാർ* സ്വൈരം.


അനന്തരം

ഏതഗാധമാം ധ്യാനഗർഭത്തിന്നത്യാനന്ദം

നാദചേതനേ, നിന്നിൽ താരള്യം തളിക്കുന്നു?

മഞ്ജിമ കിനിയുന്ന മന്ദ്രസ്ഥായിയിലൂടെ

മന്ദാന്ധകാരത്തിൽ നിൻ പദവിന്യാസം ഗൂഢം.

അനവദ്യമാമേതോ സരള രഹസ്യമീ

മധുയാമിനിയുടെ നാഭിയിൽ കിനിയുമ്പോൾ

ലോലലോലമാം ഛായാലോകങ്ങൾ വിരിക്കയാ-

ണീ നിശാരാഗത്തിന്റെ നീലമാം ചിറകുകൾ.

മന്ദമാ, യലസമായ് നീയതിരെഴാത്തതാ-

മെൻ ചിദാകാശത്തിൽ പടർന്നേറുവാനുഴറുമ്പോൾ

അതിസ്നിഗ്ദ്ധമാം പുഷ്പസൗരഭം വമിക്കയാ-

ണെന്നന്തരിന്ദ്രിയങ്ങളിൽ നിഗൂഢം രമ്യം സൗമ്യം.

നിസ്സഹായമാം കണ്ണീരാഴത്തിൽ നീന്തിക്കൊണ്ടീ

നിസ്തുല രാഗം സ്വപ്നജ്വാലകൾ പൊഴിക്കയാം.

പ്രിയതേ പവിത്രമാം നിൻ പരിഭവങ്ങളിൽ

പനീർപ്പൂപ്പടർപ്പുകളിപ്പോഴും ലാസ്യം ചെയ്‌വൂ.


അന്ത്യം

അന്തിമ മൗനത്തിലേക്കലിഞ്ഞൊടുങ്ങുവാനാണോ

വെമ്പിനീറുന്നു നീയെൻ വ്യാകുല ഹ്രദങ്ങളിൽ

പ്രാക്തനമേതോ പ്രാർത്ഥനാ ഗാനത്തിൻ മന്ദ്രധ്വനി

പ്രാണതന്തികളിലിതാ പാകുന്നു ഹർഷോന്മാദം.


കേദാർ - ഒരു നിശാരാഗം


ദർപ്പണ

ദേശം പി ഓ

ആലുവ -2

683102




85 views0 comments
bottom of page