top of page

കൂട്ടിലെ പക്ഷികൾ

ഓണമാണെന്ന് നീ പാടാൻ തുടങ്ങവെ

ഞാനീയഴിക്കൂട് മെല്ലെ തുറക്കുന്നു


അർദ്ധരാവിൻറെ സ്വാതന്ത്ര്യവും, പൂക്കളും

അർദ്ധകാലത്തിൻ വിലങ്ങും, പ്രതീക്ഷയും


ഭൂമി, നീ കാട്ടിത്തരുന്നുവെന്നാകിലും

പാടാൻ മടിക്കുന്ന കൂട്ടിലെ പക്ഷി ഞാൻ


ഓരോ പ്രതീക്ഷയും പ്രാണൻറെ പച്ചയിൽ

നോവ് കുത്തിപ്പോയുണങ്ങാതെ നിൽക്കുന്നു


നീറുന്നു, രക്തമിറ്റുന്നു, നീ കണ്ടുവോ

മേഘങ്ങൾ നീലിച്ചൊരാഷാഢസന്ധ്യയെ


കാലസർപ്പത്തിൻറെ യുച്ചിയിൽ മാണിക്യ-

മോഹം കിരീടങ്ങൾ തേടി നീങ്ങീടവെ


യന്ത്രങ്ങൾ ചുറ്റിക്കിടക്കുന്ന ശ്വാസമേ!

തന്ത്രികൾ പൊട്ടിത്തകർന്ന് പോകുന്നുവോ?


മന്ത്രം പിഴച്ച ലോകത്തിൻറെ നെറ്റിയിൽ

ഗന്ധകപ്പൂക്കൾ തീ കത്തിച്ച് വയ്ക്കവെ


അന്തിവാനം ചോന്ന കുങ്കുമപ്പൂവുമായ്

ചന്ദ്രഗ്രഹത്തിൻ നിലാപ്പൂവിറുക്കുന്നു


രാത്രിയിൽ കണ്ടതാം സുസ്വപ്നമൊന്നിനെ

കോർത്തെടുക്കുന്നുണ്ട് നക്ഷത്രമണ്ഡലം


ഇന്ദ്രനീലക്കടൽ തൊട്ടു കിഴക്കിനെ

ചുംബിച്ച് സൂര്യൻ പ്രഭാതമാക്കീടവെ


ഓണവും, സ്വാതന്ത്ര്യവും കൂട്ട് കൂടുന്ന

തേരും തെളിച്ച് വന്നെത്തുന്ന ശ്രാവണം


മുക്കൂറ്റിയും, തൊടിപ്പൂക്കളും മുറ്റത്ത്,

ചിത്രം വരയ്ക്കാനിരിക്കുന്നു ബാല്യവും


മേഘങ്ങൾ വിസ്ഫോടനങ്ങൾ കഴിഞ്ഞ്-

വന്നീറൻ വിരിച്ചുണക്കീടുന്ന മുറ്റത്ത്


തുമ്പിയും, തുമ്പക്കുടങ്ങളും ചേർന്നെൻറെ

സംഘഗാനങ്ങളുണർത്തുന്നു പിന്നെയും.


എന്നോ മറന്നിട്ട പ്രേമഗന്ധങ്ങളിൽ

ചന്ദനക്കാടുകൾ പൂവിട്ട് നിൽക്കുന്നു.


തോരാത്ത കണ്ണീർത്തടാകങ്ങളെക്കട-

ന്നീക്കൂട് വീണ്ടും തുറക്കുന്ന പക്ഷി ഞാൻ


ജീവനസ്പർമിലത്തളിർ ചൂടിച്ച

ഭൂമിയെ തൊട്ടിരിക്കുന്നൊരു പക്ഷി ഞാൻ

തൂവൽ വിരിച്ച് പറക്കുന്ന പക്ഷി ഞാൻ

4 views0 comments

Recent Posts

See All
bottom of page