top of page

അവളും സൂര്യനും

ആ ചൂണ്ടുവിരലിനിനടിയിലാണ് അവളുടെആകാശം വിതാനിക്കപ്പെട്ടത്

പകലസ്തമിക്കാത്ത ആകാശത്തിൽ

ഉറങ്ങാനേ ആവാത്ത ഒരു ചുമന്ന സൂര്യൻ

തീകൈകൊണ്ട് കണ്ണ് തിരുമ്മി തുറന്നേ പിടിക്കുന്നു



കിഴക്കിൻ്റെ അതിരുകൾക്കപ്പുറത്തുനിന്നും രണ്ടു നീലക്കണ്ണൻ പക്ഷികൾ

കൂറ്റൻ ചിറകുവീശിപ്പറന്ന് വന്നു

സൂര്യൻറെ തുറന്ന് പിടിച്ച കണ്ണുകളിലേക്ക് ഊതുന്നു

അടയുന്ന കണ്ണ് തുറന്നേ പിടിച്ച് ആകശത്തിൻറ്റുടയോൾ പാടുന്ന

പാട്ടിനു കാതോർക്കുന്നു

ആ പാട്ടുകൾക്കുള്ളിൽ

ആ ക്രൗഞ്ചപക്ഷികളുടെ കൂട് തിരയുന്നു



അവളുടെ പാട്ടിൽ നിന്ന് പിടഞ്ഞുവീണ

ആദി മഹാകവി

ഉച്ചമയങ്ങിയ സൂര്യൻറെ

നെഞ്ചിലേക്ക് ഇറങ്ങി മറഞ്ഞപ്പോൾ

വീശിയ കാറ്റിൽ നിന്ന്

"ആമരം ഈ മരം

ആ മരം ഈ മരം

ആമരമീമരം"

എന്ന് കരച്ചിൽ ഉയരുന്നു


കരച്ചിലൊന്ന് മഴയായ് പെയ്ത് തോരാൻ കാത്ത്

അവളും സൂര്യനും

ആകാശത്തിനു കീഴെ അങ്ങോളമിങ്ങോളം

ചേമ്പില തിരയുന്നു

ഇലപ്പാതിയിൽ പൊതിഞ്ഞിരുന്ന്

മടുക്കുമ്പോൾ സൂര്യൻ

ആകാശത്തേക്കു തലയുയർത്തി

തീതുപ്പുന്നു


കത്തുന്ന ആകാശത്തിനു മീതെ

അവൾ തന്നെത്തന്നെ

വിരിച്ചിടുന്നു

അസ്തമയം പഴങ്കഥയായിപ്പോയ കാലത്ത്

ചൂണ്ടുവിരൽ വാക്ക് പൊഴിക്കുന്നു

ആകാശത്തിൻറെ കാവൽക്കാരി വാക്ക് പെറുക്കി

ചൂണ്ടുവിരലിൽ അണിഞ്ഞു നൃത്തം ചവിട്ടുന്നു.


26 views0 comments

Recent Posts

See All
bottom of page