top of page

അലസതാവിലസിതം

അവൾ അലസയായ വേട്ടക്കാരിയാണ്.

ഒന്നിനും തിടുക്കമില്ല.

ഇരയെ കണ്ടെത്തിക്കഴിഞ്ഞാൽപ്പിന്നെ

സ്വസ്ഥമായി അവനെത്തന്നെ നിരീക്ഷിച്ച് മാറി നിൽക്കൽ

എത്ര കൗതുകകരമാണെന്നോ.

സമയം പോകുന്നതറിയില്ല.

അഥവാ

ധാരാളം സമയമുണ്ട്.

ആകാശത്ത് ചുമ്മാ പറന്നു നടക്കുന്ന മേഘങ്ങളെ തൊട്ടുഴിഞ്ഞ്

ചുളിവു നീർത്തിക്കൊടുക്കാം.

കീറിപ്പോയ ചിലന്തിവലകൾ തുന്നിക്കൊടുക്കാം.

പൊഴിഞ്ഞു വീണ ചിറകുകൾക്ക് പകരം

കാറ്റുപോലെ കനം കുറഞ്ഞതെന്തെങ്കിലും

വിവാഹിതർക്ക് സമ്മാനിക്കാം.

സ്വപ്നത്തിലെങ്കിലും അവർക്കത് ഉപകാരപ്പെടും.

കാറ്റു കൊണ്ടുവരുന്ന കഥകളൊന്നും

വിശ്വസിക്കരുതെന്നു മാത്രം.

അലസയായ വേട്ടക്കാരിയ്ക്ക്

ആയുധങ്ങളില്ല.

കണ്ണിണ കൊണ്ട് കടുകു വറക്കൽ,

ഭൂതകാലകദന കഥകൾ കൊണ്ട് സഹതാപ തരംഗം,

മധുരം പുരട്ടിയ വാക്ക്, ചില്ലീലോല വിലാസങ്ങൾ തുടങ്ങിയ

പരമ്പരാഗത വശീകരണപരിപാടികളിലൊന്നും

തൽപരയല്ല.

അവൾക്കിഷ്ടമുള്ളപ്പോൾ കടന്നുവരും.

മുറുകെ കെട്ടിപ്പിടിക്കും.

ആഴത്തിലേക്ക് കൂപ്പുകുത്തും

ചുഴിയിലൊന്നിച്ച് വട്ടം കറക്കും

ആദ്യത്തെ മൂർച്ഛയ്ക്കു ശേഷം

അവൾ കരയ്ക്കു കയറിപ്പോകും -

അവളെ കാത്തു കൊണ്ട്

അവനിപ്പോഴും അവിടെത്തന്നെയുണ്ടാവും.

ഹൃദയം നഷ്ടപ്പെട്ടവർ അതിജീവിക്കുന്നതെങ്ങനെ?


6 views0 comments

Recent Posts

See All
bottom of page